Wednesday, January 03, 2007

തലക്കെട്ടും തലവിധിയും

പത്രവാര്‍ത്തയായാലും ലേഖനമായാലും വായനക്കാരനെ അതിലേക്കാകര്‍ഷിക്കുന്ന പരസ്യപ്പലകയാണ്‌ നല്ല തലക്കെട്ട്‌. കൊള്ളാവുന്ന ഒരു തലക്കെട്ടില്ലെങ്കില്‍ എത്ര നല്ലവാര്‍ത്തയായാലും അതിന്റെ തലേവിധി ഫോട്ടോഗ്രാഫര്‍ സിനിമയുടേതു പോലെ ആകും- ആരും കാണാത്ത അവസ്ഥ.
ചില തലക്കെട്ടുകളെക്കുറിച്ച്‌ മുമ്പ്‌ ഇവിടെ ചില ചര്‍ച്ചകളൊക്കെ നടന്നിരുന്നു. എനിക്കിഷ്ടപ്പെട്ട ചില തലക്കെട്ടുകളാണ്‌ ഓര്‍മയില്‍ വന്നതനുസരിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌. ഓര്‍മ വരുന്നതനുസരിച്ച്‌ അടുത്ത ഭാഗങ്ങള്‍ വന്നേക്കാം.
നല്ല തലക്കെട്ടിടുന്നതില്‍ ആശാന്മാരായ മനോരമയില്‍ വന്ന ഒരെണ്ണമാണ് എന്റെ ഓര്‍മയിലുള്ളതില്‍ എറ്റവും പഴയത്‌. ആദ്യ ഇന്‍സാറ്റ്‌ വിടുന്ന സമയം. മൂവാറ്റുപുഴയ്ക്കടുത്ത്‌ മാറാടിയില്‍ പുതിയ സാറ്റലൈറ്റ്‌ എര്‍ത്ത്‌ സ്റ്റേഷന്‍ തുറന്നു. കൂറ്റന്‍ ടവറിന്റെ മുകളില്‍ സാറ്റലൈറ്റ് ഡിഷ് ഉള്ള പടവുമായി ഇറങ്ങിയ മനോരമയിലെ തലക്കെട്ട്‌ ഇങ്ങനെ:
മാനത്തെ ദൂതന്‌ മണ്ണിലൊരു കിണ്ണം
മോര്‍ഫിങ്ങ്‌ വരുന്നതിനെ മനോരമ അണിയിച്ചൊരുക്കിയതിങ്ങനെ:
മോര്‍ഫിംഗ്‌ വരുന്നു(മമ്മൂട്ടിയെ ലാലാക്കാം)
മോഹന്‍ലാലിന്‌ സംസ്ഥാന അവാര്‍ഡ്‌ കിട്ടിയപ്പോള്‍ കലാഭവന്‍ മണി തലകറങ്ങി വീണ കാര്യം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. ഞാനിക്കാര്യം ഓര്‍ത്തിരിക്കുന്നത്‌ ജന്മഭൂമിയിലെ ഒരു തലക്കെട്ടിലൂടെയാണ് :
ലാലിന്‌ അവാര്‍ഡ്‌; മണിക്കു പേ വാര്‍ഡ്‌
2001ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പുരോഹിതനായിരുന്നു ഫാ. മത്തായി നൂറനാല്‍. സുല്‍ത്താന്‍ ബത്തേരിയില്‍ ഫാ. നൂറനാല്‍ എന്‍.ഡി.അപ്പച്ചനോടു തോറ്റു. ഏറ്റവും നല്ല തലക്കെട്ട്‌ വെബ്‌ ലോകം ഡോട്‌ കോമിലായിരുന്നു.
അച്ചന്‍ തോറ്റു; അപ്പച്ചന്‍ ജയിച്ചു.
ഫലം മറിച്ചായിരുന്നെങ്കിലും ഈ തലക്കെട്ട്‌ നേരിയ വ്യത്യാസത്തോടെ വന്നേനെ.
അച്ഛന്‍ ബുഷ്‌ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ മംഗളത്തിന്റെ തലക്കെട്ട്‌
ബലേ ഭേഷ്‌ ബുഷ്‌.
ജര്‍മനി ഫുട്ബോള്‍ ലോകകപ്പ്‌ ജയിച്ചപ്പോള്‍ മംഗളം ഇങ്ങനെ എഴുതി
ജയ്‌ ജര്‍മനി
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതക'ത്തില്‍ കണ്ടത്‌. അലിഗഢ്‌ സര്‍വകലാശാലയില്‍ കുഞ്ഞബ്ദുള്ളയുടെ സീനിയറായിരുന്ന ഇക്കണോമിക്സ്‌ വിദ്യാര്‍ഥി ഡോ.അഹമ്മദലി തെക്കില്‍ എം.എയ്ക്ക്‌ പഠിക്കുന്ന കാലത്തുതന്നെ 'ഇക്കണോമിക്സ്‌ ആസ്പെക്ട്സ്‌ ഓഫ്‌ ബെഗ്ഗിംഗ്‌' എന്ന പ്രബന്ധം എഴുതി. ഇതിന്റെ വാര്‍ത്ത മനോരമയില്‍ വന്നു. തലക്കെട്ട്‌ ഇങ്ങനെ ആയിരുന്നു
തെണ്ടാനിറങ്ങിയില്ലെങ്കില്‍ തെണ്ടിപ്പോയേനേ.

19 Comments:

At Wednesday, January 03, 2007 4:57:00 PM , Blogger ഷാജുദീന്‍ said...

പത്രങ്ങളില്‍ കണ്ട ശ്രദ്ധേയമായ ചില തലക്കെട്ടുകളാണിവിടെ.

 
At Wednesday, January 03, 2007 5:03:00 PM , Blogger Sul | സുല്‍ said...

"തലക്കെട്ടും തലവിഥിയും" പിന്നെ സുല്ലിന്റെ തേങ്ങയും.

‘ഠേ.........’

കസറീലൊ ഗഡി

-സുല്‍

 
At Wednesday, January 03, 2007 5:03:00 PM , Blogger കുറുമാന്‍ said...

കൊള്ളാം ഷാജുദീനെ വളരെ നന്നായിരിക്കുന്നു. എവിടേയായിരുന്നു കുറേ നാളായല്ലോ കണ്ടിട്ട്.

താങ്കാള്‍ക്കും, കുടുംബത്തിന്നും, പുതുവത്സരാശംസകള്‍

 
At Wednesday, January 03, 2007 5:09:00 PM , Blogger കണ്ണൂസ്‌ said...

1992-ഇല്‍ ബംഗാരപ്പ മന്ത്രിസഭയിലെ സ്പോര്‍ട്ട്‌സ്‌ മന്ത്രിയായിരുന്ന രമേഷ്‌, ഒരു പോലീസുകാരന്റെ തോക്ക്‌ പിടിച്ചു വാങ്ങി അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരെ വെടിവെച്ച്‌ ഒരാള്‍ മരിക്കാനിടയായ സംഭവം മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത്‌ " കുനിഗലില്‍ വെടി, രമേഷിന്‌ കൊതുകുകടി" എന്ന തലക്കെട്ടിലായിരുന്നു.

 
At Wednesday, January 03, 2007 5:23:00 PM , Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... ഷാജുദീനേ, കൊള്ളാം.

നല്ല നല്ല തലക്കെട്ടുകള്‍ കാണുമ്പോള്‍ ഓര്‍ത്തുവെക്കാറുണ്ടായിരുന്നു. പലതും മറന്നുപോയി.

ലാലിന് അവാര്‍ഡ്, മണിക്ക് പേവാര്‍ഡ് നര്‍മ്മം കലക്കി; തെണ്ടാനിറങ്ങിയിരുന്നില്ലെങ്കില്‍ തെണ്ടിപ്പോയേനെയും.

ന്യൂയിയര്‍ പുതുവത്സരാശംസകള്‍.

കണ്ണന്നൂസ്‌ജിയേ, ആക്ടീവായോ പിന്നെയും-അടിപൊളി :)

 
At Wednesday, January 03, 2007 5:33:00 PM , Blogger ബിരിയാണിക്കുട്ടി said...

ഹ ഹ.. നന്നായിട്ടുണ്ട്.

പണ്ട് സല്‍മാന്‍‌ഖാന് ഷര്‍ട്ട് അലര്‍ജി ആയിരുന്ന കാലത്ത് പുള്ളീടെ ഏതാണ്ട് പടങ്ങളൊക്കെ ഹിറ്റായപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലാണെന്ന് തോന്നുന്നു “Salman - Unparalleled or UnApparelled" എന്ന് കണ്ടിരുന്നതോര്‍ത്തു.

 
At Wednesday, January 03, 2007 5:57:00 PM , Blogger Radheyan said...

തല‍ക്കെട്ടില്‍ മനോരമ തന്നെ ഉസ്താദ്.പാര്‍ട്ടി സമ്മേളനത്തില്‍ പിണറായി പാര്‍ട്ടി പിടിച്ചപ്പോള്‍ ഉള്ളത് തന്നെ പ്രമാദം

“പിണറായി മിന്നല്‍ പിണറായി”

 
At Wednesday, January 03, 2007 7:48:00 PM , Blogger സു | Su said...

നന്നായിട്ടുണ്ട് തലക്കെട്ടുകളുടെ കഥ. എനിക്കൊന്നും ഓര്‍ത്തെടുക്കാന്‍ തോന്നുന്നില്ല. പിന്നെയാവാം.

 
At Wednesday, January 03, 2007 11:31:00 PM , Blogger ഷാജുദീന്‍ said...

ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി
ആദ്യം തേങ്ങയടിച്ച സുല്‍-നു നന്ദി
കുറുമാനെ,ഞാന്‍ ഒരു വാര്‍ഷികപ്പതിപ്പിന്റെ പണിയിലായിരുന്നു. അതാണു വിട്ടു നിന്നത്.
രമേഷിന്റെ കൊതുകു കടിയുമായി വന്ന കണ്ണൂസിനു നന്ദി.
വക്കാരീ, നന്ദിയപ്പാ
രണ്ടു തലക്കെട്ടുകള്‍ നല്‍കിയ ബിക്കുവിനും രാധേയനും പിന്നെ സുവിനും നന്ദി.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

 
At Thursday, January 04, 2007 12:57:00 AM , Blogger ദേവന്‍ said...

പണ്ട് ബുഷിന്റെ മിഡില്‍ ഈസ്റ്റ് ക്രൈസിസ് സൊല്യൂഷന്‍ ‍ പ്രസംഗത്തെക്കുറിച്ച് അവലോകനം എഴുതി ചെയിന്‍ മെയില്‍ ആക്കി എനിക്കും കൂടി അയച്ചു തന്ന വിദ്വാന്‍ ഈ മെയില്‍ സബ്ജക്റ്റ് ആയി വച്ചത് ഇങനെ:
ബു(ള്‍)ഷ്(റ്റ്)

navavalsaraazamsakaL shajudeene

 
At Thursday, January 04, 2007 8:42:00 AM , Blogger അനംഗാരി said...

ഈ തലക്കെട്ട് വാര്‍ത്ത കൊള്ളാം.

സാന്ദര്‍ഭികമായി ഓര്‍മ്മയില്‍ വന്ന ഒന്ന് പറയട്ടെ.പണ്ട് ഒരിക്കല്‍ തൃശ്ശൂര്‍ പൂരത്തിന് പത്രങ്ങളായ പത്രങ്ങളൊക്കെ പൂരം കൊടിയിറങ്ങുന്നതിനു മുന്‍‌പ് പത്രം വില്‍ക്കാന്‍ തൃശ്ശൂ‍ര്‍ പൂരം ഗംഭീരം..മഹാമഹം കൊണ്ടാടി എന്നൊക്കെ വാര്‍ത്തയുമായി പത്രം ഇറക്കി.തൃശ്ശൂരില്‍ നിന്നുള്ള എക്സ്പ്രസ് മാത്രം പൂരം വെടിക്കെട്ട് അപകടം:രണ്ട് മരണം എന്ന തലക്കെട്ടോടെയാണ് ഇറങ്ങിയത്.പൂരം തീരും മുന്‍‌പേ പത്രം ഇറക്കിയതില്‍ ഉണ്ടായ പിശക്.മറ്റു പത്രങ്ങള്‍ വായിച്ച തൃശ്ശൂര്‍ക്കാരന്റെ മാനസിക അവസ്ഥ പറയേണ്ടതില്ലല്ലൊ?

 
At Thursday, January 04, 2007 3:31:00 PM , Blogger ഷാജുദീന്‍ said...

ഇംഗ്ലീഷ് തലക്കെട്ടുമായി ഇവിടം സന്ദര്‍ശിച്ച ദേവനും അനംഗാരിക്കും നന്ദി

 
At Thursday, January 04, 2007 8:25:00 PM , Blogger venu said...

ഹാഹാ.നല്ല തലക്കെട്ടുകള്‍.
ഷാജുദ്ദിന്‍ നന്നായി രസിച്ചു.

 
At Thursday, January 04, 2007 11:34:00 PM , Blogger ഷാജുദീന്‍ said...

വേണുവിനു നന്ദി

 
At Friday, January 05, 2007 3:55:00 AM , Blogger കാണാപ്പുറം said...

നല്ല പോസ്റ്റ്‌ - ഷാജുദ്ദീനേ. മനോരമയുടെ സ്പോര്‍ട്സ്‌ പേജിലെ ചിത്രങ്ങളുടെ അടിക്കുറിപ്പുകളും പലപ്പോഴും നന്നാവാറുണ്ട്‌.

പിന്നെ, ഇതു വായിച്ചപ്പോള്‍ എനിക്കു തോന്നിയ ഒരു തലവാചകമുണ്ട്‌. ‘മാഷിന്റെ കണക്കു തീര്‍ത്തു’. ‘പിഞ്ചു മനസ്സിന്റെ താളുകളില്‍ ചുവന്ന മഷിയുടെ വെട്ടും കുത്തും‘ എന്നോ മറ്റോ ഒരു കൂട്ടിച്ചേര്‍ക്കലും ആവാം. അതേപ്പറ്റി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്‌.

 
At Friday, January 05, 2007 4:12:00 AM , Blogger പാപ്പാന്‍‌/mahout said...

പണ്ട് 10-15 കൊല്ലം മുമ്പ് വിംബിള്‍ഡണില്‍ പാറ്റ് കാഷ്, ചെക്ക് രാജ്യക്കാരനായ ഐവാന്‍ ലെന്‍‌ഡ്‌ലിനെ തോല്‍പ്പിച്ചപ്പോള്‍ മിക്കവാറും ഇംഗ്ലീഷ്പത്രങ്ങളെല്ലാം “Pat Cashes the Check"-ന്റെ വിവിധ വേരിയേഷന്‍‌സാണ് തലക്കെട്ടായി ഉപയോഗിച്ചതെന്നോര്‍‌ക്കുന്നു.

 
At Friday, January 05, 2007 11:45:00 PM , Blogger ഷാജുദീന്‍ said...

നകുലനും പാപ്പാനും നന്ദി

 
At Saturday, January 13, 2007 8:31:00 AM , Blogger ബിന്ദു said...

തലേക്കെട്ടു നോക്കി തനിമലയാളത്തില്‍ തിരയണ എന്നെ തല്ലണം.:)( അറിഞ്ഞോണ്ടല്ല, മന:പൂര്‍വമാ)
qw_er_ty

 
At Monday, March 19, 2007 12:35:00 AM , Blogger Moorthy said...

തൃശ്ശൂര്‍ക്കാര്‍ക്ക് വളരെയധികം അത്മബന്ധമുള്ള പത്രമായതുകൊണ്ടു തന്നെയാവും പത്രത്തിനും വായനക്കാരോട് ഒരു ‘ഇത്’ ഉണ്ട് എന്നു പറയാറുണ്ട്. വായനക്കാരൊക്കെ പത്രം മുഴുവനായി വായിക്കുകയും ഓര്‍ത്തുവെയ്ക്കുകയും ചെയ്യുന്നു എന്ന വിശ്വാസത്തിലാണ് പത്രത്തിന്റെ പല തലക്കെട്ടുകളും എന്ന് തമാശ തൃശ്ശൂരില്‍ ഉണ്ട്. ടെസ്റ്റ്ക്രിക്കറ്റ് പോലുള്ള തുടരന്‍ വരുമ്പോഴാണ് ഈ തമാശ. ആദ്യദിവസം തന്നെ ഇന്ത്യ വിക്കറ്റുകളെല്ലാം തുലച്ച് ഒരു പരുവത്തിലായിരിക്കും. പിറ്റേന്നത്തേ തലക്കെട്ട് ‘ഇന്ത്യ തകരുന്നു’ എന്നാവും. പിറ്റേന്ന് എതിരാളികളായ വെസ്റ്റിന്‍ഡീസിനും അതെ ഗതിയാണെങ്കില്‍ അടുത്ത ദിവസം തലക്കെട്ട് ഇതു മാത്രമാവും “വെസ്റ്റിന്‍ഡീസും”. ആദ്യം കാണുന്നവര്‍ക്ക് ഒന്നും മനസ്സിലാവില്ലെന്നു മാത്രം.
പെര്‍ത്തില്‍ നടന്ന ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് ഏകദിന മത്സരം ടൈ ആയപ്പോള്‍ ഹിന്ദുവിന്റെ തലക്കെട്ടും കാവ്യാത്മകമായിരുന്നു ‘Poetic Justice at Perth". ദേശാഭിമാനിയില്‍ പണ്ടുകണ്ട ഒരു തലക്കെട്ട് ഇപ്പോഴും ഓര്‍മ്മയുണ്ട്. “ തെങ്ങില്‍ കയറി കള്ള്‌ കട്ടുകുടിച്ച കോണ്‍ഗ്രസ് ഇ ക്കാരന്‍ അറസ്റ്റില്‍”. തലക്കെട്ട് തന്നെ വാര്‍ത്തയായപോലെ!

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home