Wednesday, January 06, 2010

കോപ്പന്‍ഹേഗനിലെ കാര്‍ബണ്‍ ആഡംബരം

ഡിസംബര്‍ 18-ന്‌ ഒറ്റ ദിവസത്തേക്കായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലേക്ക്‌ പറന്നിറങ്ങും. അവിടെ, യു.എന്നിന്റെ കാലാവസ്‌ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്‌ ഒബാമയുടെ യാത്ര. 12 ദിവസത്തെ സമ്മേളനത്തിന്റെ അവസാനദിവസം 102 രാഷ്‌ട്രത്തലവന്മാര്‍ക്കൊപ്പം പങ്കെടുത്ത്‌ ലോകത്തെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ അടുത്ത വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടു വരികയെന്ന ലക്ഷ്യത്തെ വിജയത്തിലെത്തിക്കാനാണ്‌ ഈ യാത്ര. കഴിഞ്ഞ ഏഴിന്‌ ആരംഭിച്ച ഉച്ചകോടിക്കിടെ ഏതെങ്കിലും ഒരു ദിവസം പങ്കെടുത്ത്‌ മടങ്ങാനായിരുന്നു ഒബാമയുടെ പരിപാടി. അവസാന ദിവസം ഒബാമയുടെ സാന്നിധ്യമുണ്ടായില്ലെങ്കില്‍ സമ്മേളനം ലക്ഷ്യം കാണാതെ പരാജയപ്പെടുകയെ ഉള്ളൂ എന്ന്‌ ആക്ഷേപം ഉയര്‍ന്നപ്പോഴാണ്‌ ഒബാമ പരിപാടി മാറ്റിയത്‌. കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ മുന്നില്‍ നില്‍കുന്ന അമേരിക്ക ഇത്തരം വെട്ടിക്കുറയ്‌ക്കലുകള്‍ക്കെല്ലാം എതിരാണ്‌. ഇതിനുമുമ്പ്‌ ഇതേ ആവശ്യത്തിനുണ്ടാക്കിയ ക്യോട്ടോ കരാറില്‍ അവര്‍ പങ്കാളിയായതേയില്ല. അപ്പോള്‍ ഒബാമയുടെ സാന്നിധ്യത്തിലൂടെ എന്തെങ്കിലും കരാര്‍ ഉണ്ടാകുന്നത്‌ നല്ല കാര്യം തന്നെ.

പക്ഷേ, ഒബാമ കോപ്പന്‍ഹേഗനില്‍ വന്നു പോകുമ്പോഴേക്കും ആ യാത്ര സൃഷ്‌ടിക്കുന്ന കാര്‍ബണ്‍ പ്രസരണം 3520-ല്‍ അധികം ടണ്ണായിരിക്കും! ഒബാമ സഞ്ചരിക്കുന്നത്‌ അദ്ദേഹത്തിനും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമുള്ള എയര്‍ഫോഴ്‌സ് വണ്‍ എന്ന ബോയിംഗ്‌ 747 വിമാനത്തിലാണ്‌. ഈ വിമാനത്തിന്‌ എന്തെങ്കിലും തകരാറുണ്ടായാല്‍ ഉപയോഗിക്കാനായി മറ്റൊരു ബോയിംഗ്‌ 747 പിന്നാലെ പറക്കും. അതിനൊപ്പം ഉദ്യോഗസ്‌ഥരും മാധ്യമപ്രവര്‍ത്തകരും കയറുന്ന മൂന്നാമത്തെ ബോയിംഗ്‌ 747 വിമാനം. ബോയിംഗ്‌ 747നു തുല്യം ഇന്ധനം ചെലവാക്കി കാര്‍ബണ്‍ പുറത്തുവിടുന്ന സി-17 ഗ്ലോബ്‌മാസ്‌റ്റര്‍ വിമാനം രണ്ടെണ്ണം ഒബാമയ്‌ക്കുവേണ്ട രണ്ടു ഹെലികോപ്‌ടറുകളും രണ്ടു ലിമോസിന്‍ കാറുകളും വഹിച്ച്‌ കോപ്പന്‍ഹേഗനിലേക്കു പറക്കും. ഇവയുടെ ഇരട്ടി ഇന്ധനം ഉപയോഗിക്കുന്ന, ഇരട്ടി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളുന്ന സി-141 വിമാനം മൂന്നെണ്ണം വേറെയും ഉണ്ടാകും. മോട്ടോര്‍ കേഡിലെ കാറുകളും സുരക്ഷാ ഉദ്യോഗസ്‌ഥരുമാകും ഇതില്‍. മൊത്തം എട്ടു വിമാനം!

കോപ്പന്‍ ഹേഗനിലാകട്ടെ അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രയ്‌ക്കായി 19 കാറുകളാണ്‌ ഇവര്‍ കൊണ്ടുപോയതുണ്ടാകുക. ഇവ സഞ്ചരിക്കുന്നത്‌ ഏകദേശം 60 കിലോമീറ്റര്‍ മാത്രവും. ഒറ്റ ദിവസം പ്രസിഡന്റ്‌ ചുറ്റിയടിച്ചുവരുന്നതിനാണ്‌ ഈ സന്നാഹമത്രയും. ഈ യാത്ര ഇത്രയധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളിയാലും അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടായിരുന്നെങ്കില്‍ എന്നാണ്‌ പരിസ്‌ഥിതി സംരക്ഷകര്‍ ആഗ്രഹിക്കുന്നത്‌. കാരണം, തങ്ങളുടെ വ്യാവസായിക വളര്‍ച്ചയ്‌ക്ക് തടസം നില്‍കുന്ന ഒരു കരാറിനും അമേരിക്ക വഴങ്ങില്ല എന്നതുതന്നെ. ഇനി ഒബാമ സമ്മതിച്ചാല്‍തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അതിനു പച്ചക്കൊടി കാട്ടില്ല എന്നതാണ്‌ പ്രത്യാശയ്‌ക്കിടനല്‍കാത്ത സത്യം.

രാഷ്‌ട്രത്തലവന്മാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്‌ഥരും വി.ഐ.പികളും കോപ്പന്‍ ഹേഗനിലേക്ക്‌ ഒഴുകിയെത്തുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളി കാറുകളും ൈപ്രവറ്റ്‌ ജെറ്റുകളും ധാരാളം വരുന്നുണ്ട്‌. ഒരുലിറ്റര്‍ പെട്രോളില്‍ ഏതാനും മീറ്റര്‍മാത്രമോടുന്ന ആഡംബരക്കാറായ ലിമോസിനുകള്‍ ആയിരത്തഞ്ഞൂറോളമാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. ഡെന്‍മാര്‍ക്കില്‍ നിന്നു തികയാഞ്ഞിട്ട്‌ ജര്‍മനിയില്‍ നിന്നും സ്വീഡനില്‍ നിന്നുമൊക്കെ ലിമോസിനുകള്‍ എത്തിച്ചു. രാഷ്‌ട്രത്തലവന്മാരുമായി 140 സ്വകാര്യ ജെറ്റുവിമാനങ്ങളാണ്‌ പറന്നെത്തുക. ഇവ പാര്‍ക്കു ചെയ്യാന്‍ സ്‌ഥലമില്ലാത്തതിനാല്‍ വിമാനങ്ങള്‍ വി.ഐ.പിമാരെ ഇറക്കിയിട്ട്‌ സ്വീഡനിലേക്കു പറക്കും. യോഗം കഴിയുമ്പോള്‍ തിരികെ വന്ന്‌ വി.ഐ.പിയെയും കൊണ്ടു മടങ്ങും. ഇന്ധന ഉപയോഗവും കാര്‍ബണ്‍ പുറന്തള്ളലും എത്രമാത്രം കൂടുന്നുവെന്നു കാണുക.

കാര്‍ബണ്‍ പ്രസരണത്തിന്റെ പേരില്‍ ഇങ്ങനെ മുട്ടാപ്പോക്കു പറഞ്ഞിരുന്നാല്‍ ഈ രാഷ്‌ട്രത്തലവന്മാരൊക്കെ പിന്നെ എങ്ങനെ കോപ്പന്‍ഹേഗനിലെത്തും എങ്ങനെ കാര്‍ബണ്‍ പ്രസരണത്തില്‍ കുറവുവരുത്തും എന്ന ചോദ്യം തീര്‍ച്ചയായും ഉയരും. കോപ്പന്‍ഹേഗനിലെ മഹാമഹത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും സമ്മതമായ ധാരണ ഉണ്ടാകാന്‍ സാധ്യത തീരെ ഇല്ലാത്തതിനാല്‍ ഉച്ചകോടിയുടെ പേരിലുള്ള കാര്‍ബണ്‍ പുറന്തള്ളലെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്നതാണു ചോദ്യം.

ഇ.പി. ഷാജുദീന്‍
sunday mangalam 6/12/2009

0 Comments:

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home